കുറച്ച് കാലം മുന്‍പാണ്. പുതിയ പ്രോജക്റ്റിലേക്ക് എന്നെ തീറു കൊടുത്തിട്ട് അധിക കാലമായിട്ടില്ല. ജാഡക്ക് ജാഡ, എളിമക്ക് എളിമ, പതപ്പിക്കലിന് പതപ്പിക്കല്‍,(ചില നാട്ടില്‍ സോപ്പിടല്‍ എന്നും പറയും)ഇത്യാദി ലൊട്ടുലൊടുക്ക് ഐറ്റംസ് എറക്കി ടീമില്‍ ഒന്ന് പേരെടുത്ത് വരുന്നതേ ഉള്ളൂ. അഹങ്കാരം കൊണ്ട് പറയാ എന്ന് തന്നെ വിചാരിച്ചോ, ഹരിഹരന്‍ പിള്ളയെ ഹാപ്പി ആക്കുക എന്ന ദുഷ്കര കൃത്യം ഒരു വിധത്തില്‍ ആദ്യമേ തന്നെ നിര്‍വ്വഹിച്ചിരുന്നു.. പുതിയ കൊച്ച് എഫിഷ്യെന്റ് അണെന്ന് കമ്പനി ചെലവില്‍ കള്ളു കുടിക്കാന്‍ ഏമാന്‍മാര്‍ പോകുന്ന ഒരവസരത്തില്‍ അദ്ദേഹം കമന്റിയതായി പിന്നീടാരോ പറഞ്ഞ് കേള്‍ക്കേം ചെയ്തപ്പൊ പൂര്‍ത്തിയായി.
അന്നും പതിവു പോലെ പുലര്‍ച്ച 9 മണിക്കു തന്നെ എണീറ്റു. ചടുപിടുന്നനെ പ്രഭാതകൃത്യങ്ങള്‍ ഒക്കെ കഴിഞ്ഞ്, ഇറങ്ങാന്‍ നേരത്തെ സ്ഥിരം കലാപരിപാടിയായില്‍ ആണ്. തുടല് (ആപ്പീസില്‍ ചേരും നേരം അവര്‍ കഴുത്തിലിടാന്‍ തരില്ലെ..അതു തന്നെ) വാച്ച്, മൊബൈല്‍ ഫോണ്‍, ഇത്യാദി നിത്യോപദ്രവ സാധനങ്ങള്‍(വെച്ചാല്‍ വെച്ചിടത്തിരിക്കുന്ന സ്വഭാവം ഇവറ്റകള്‍ക്കില്ലെന്നെ) കുടത്തിലും തപ്പികൊണ്ടിരിക്കുമ്പഴാണ് സഹമുറിയത്തിയുടെ ആര്‍ത്തലച്ചുള്ള അട്ടഹാസം. എന്തൊ അത്യാഹിതം എന്നു വിചാരിച്ച് ഓടി ചെന്ന് നോക്കുമ്പൊ അത്യാഹിതം അതാ താമരശ്ശേരി ചുരം ഇറങ്ങി വരുവാണ്. ലവളാണെങ്കില്‍ തലയും കുത്തി നിന്നു ചിരിയും. സൂര്യ ടിവിയില്‍ പപ്പു കസറുന്നു.
ഇതിവിടെ ഇട്ടിട്ടു ഞാനെങ്ങനെ ആപ്പീസില്‍ പോയിരുന്ന് സമാധാനമയിട്ട് ബ്ലോഗെഴുതും? ഈ സീന്‍ കഴിഞ്ഞിട്ട് പോകാം. എവടെ? പല സീനുകള്‍ കഴിഞ്ഞു. ഒടുക്കം ഞാനെടുത്തു ഒരു കടുത്ത തീരുമാനം. പടം തീര്‍ന്നിട്ടു പോകാം. ഹരിഹരന്‍ പിള്ളയെ ഒന്ന് വിളിച്ച് എന്തെങ്കിലും ഒരു വാലിഡ് റീസണ്‍ പറഞ്ഞാല്‍ അത് പോതും. വയറിളക്കം രണ്ടാഴ്ച മുന്‍പ് നാട്ടീന്ന് മേമയും എളേശ്ശനും (ചെറിയച്ചനും ചെറിയമ്മയും എന്ന് കേട്ടു പരിചയം ഉള്ളവര്‍ക്ക് അങ്ങനെയും വായിക്കാം) വന്നപ്പോള്‍ രാമൊജി ഫിലിം സിറ്റി കാണാന്‍ പോകാന്‍ നേരം പറഞ്ഞതാണ്. അപ്പൊ അതേല്‍ക്കില്ല. ചര്‍ദ്ദി പറഞ്ഞാല്‍ തെറ്റിദ്ധരിക്കും... അതും വേണ്ട..യുറേക്കാ..
ഹരിഹരന്‍'സ് ഫോണ്‍ ഇസ് റിങ്ങിംഗ്..യെസ്.. ഹരിഹരന്‍ പിള്ള സ്പീക്കിംഗ്.
സര്‍.. ഐ വില്‍ ബി ലേറ്റ് സര്‍. മൈ റൂം മേറ്റ് വാസ് നോട്ട് കീപ്പിംഗ് വെല്‍ ഫോര്‍ ലാസ്റ്റ് 2 ഡേയ്‌സ്. യെസ്റ്റര്‍ഡേ ഡോക്ടര്‍ ഐഡെന്റിഫൈഡ് ദാറ്റ് ഷി ഇസ് ഹാവിംഗ് ജോണ്ടിസ്. ഷി ഇസ് ലീവിംഗ് ഫോര്‍ കേരള റ്റുഡെ അറ്റ് 12.30. ഐ വില്‍ കം ആഫ്റ്റര്‍ ദാറ്റ്. യെസ് സര്‍, ഓക്കെ സര്‍, താങ്ക്യു സര്‍.
ഇടിവെട്ടു കൊണ്ട പോലെ ഞെട്ടി തിരിഞ്ഞ് എന്നെ നോക്കിയ അവളുടെ മുഖത്ത് ഒരു ഇരുനൂറ്റി മുപ്പത്തി അഞ്ച് ചോദ്യചിഹ്നങ്ങള്‍ ഈച്ച് വിത്ത് എക്സ്‌ക്ലമേഷന്‍ മാര്‍ക്ക് ഞാന്‍ കണ്ടെങ്കിലും, പുല്ല് പോലെ ഞാനത് ഈ കണ്ണീക്കൂടെ കണ്ട് മറ്റേ കണ്ണീക്കൂടെ കണ്ടില്ല എന്ന് വെച്ചു.
എടീ മഹാപാപി നിന്നെ കാലപാമ്പ് കൊത്തും, പളുങ്ക് പളുങ്ക് പോലിരിക്കുന്ന എന്നെ മഞ്ഞപിത്തക്കാരിയാക്കി അല്ലേ..
ഇപ്പൊ വെയ്റ്റിട്ടാല്‍ ഡയലോഗ്‌സ് മിസ്സാവും. അവള്‍ക്ക് ആവശ്യമുള്ളപ്പോള്‍ ഒരു വട്ടം- ഒരു വട്ടം മാത്രം- എനിക്കും മഞ്ഞപിത്തം വരുത്തിക്കോളാന്‍ കോമ്പ്രമൈസ് ആയി. വേണ്ടുവോളം ചിരിയും കഴിഞ്ഞ് അവളെ ശബരി എക്സ്പ്രസ്സും കേറ്റി വിട്ട് ഞാന്‍ ഓഫീസ്-ഇല്‍ പോയി.
ശുഭം.
പിറ്റേന്റെ പിറ്റേ ദിവസം ശനിയാഴ്ച. പകലുറക്കം കഴിഞ്ഞാല്‍ നഗര വീക്ഷണം പതിവുള്ളതാണ്. പതിവ് പോലെ നെക്കലേസ് റോഡില്‍ തേരാപ്പാര നടക്കുകയാണ് ഞങ്ങള്‍ തരുണീ മണികള്‍. കടല കൊറിക്കുന്ന യുവ മിഥുനങ്ങള്‍, ബൈക്കില്‍ ചെത്തുന്ന ചിന്ന പയലുകള്‍, രസം കൊല്ലുന്ന പൌലോസ് ഏമാന്മാരുടെ പട്രോളിംഗ്.
നോക്ക്യെ..ആ നിക്കുന്ന ആളെ പിന്നീന്ന് കണ്ടിട്ട് ഹരിഹരന്‍പിള്ളയെ പോലെയുണ്ട് അല്ലെ സ്മിത?
ശരിയാ..
അയ്യോ.. എസ്കേപ്പ്.. എസ്കേപ്പ്
എങ്ങോട്ട് എസ്കേപ്പാന്‍.. പിള്ള കണ്ടു കഴിഞ്ഞു.
ഹായ്, ബിരിയാണി.. നൈസ് റ്റു മീറ്റ് യു ഹിയര്‍. ബൈ ദ ബൈ ദിസ് ഇസ് യുവര്‍ റൂം മേറ്റ് റൈറ്റ്...
ഏയ്... ഇതല്ല അത്... അതു വേറെ സ്മിത.. ഇത്... ആ സ്മിത ...ഇതു വേറെ സ്മിത...
(കഴിഞ്ഞ ഓഫീസ് ഡേ-യില്‍ വെച്ചു ഇവളെ എല്ലാവര്‍ക്കും പരിചയപ്പെടുത്തിയ എന്നെ തന്നെ പറഞ്ഞാല്‍ മതി.)
ഉരുണ്ട് ഉരുണ്ട് വല്ലാണ്ട് ചീത്തയാക്കണ്ട.. പുതിയ ചുരിദാര്‍ അല്ലേ... സ്മിത പറയുന്നതായി എനിക്ക് തോന്നി.
എനി വേ, എന്‍ജോയ് ദ വീക്കെന്റ്.. പിള്ള ഒരു കള്ളച്ചിരിയോടെ മൊഴിഞ്ഞത് അങ്ങനെയാണ് എന്നാണ് സ്മിത ഇപ്പഴും ആണയിട്ടു പറയുന്നത്. പക്ഷെ ഞാന്‍ വ്യക്തമായിട്ട് കേട്ടതാ.. കുത്തരിയൊന്നുമല്ലെങ്കിലും ഞാനും ഉണ്ണുന്നത് ചോറാണ് മോളേ.. എന്ന്.